
മുംബൈ: ബോളിവുഡിലെ സ്പൈ ത്രില്ലർ ചിത്രമായ ‘ധുരന്തർ’ വൻ ശ്രദ്ധ നേടിയതിനു പിന്നാലെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി അസ്വസ്ഥരായതായി രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡി-കമ്പനി മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് നെറ്റ്‌വർക്ക് വീണ്ടും സജീവമാക്കിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രൺവീർ സിങ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ‘ബഡേ സാഹേബ്’ എന്ന കഥാപാത്രത്തെ മരണക്കിടക്കയിൽ കാണിക്കുന്ന രംഗങ്ങൾ ദാവൂദ് ഇബ്രാഹിമുമായി സാമ്യമുള്ളതാണെന്നാണ് വിലയിരുത്തൽ. ഈ അവതരണം ദാവൂദ് ജീവിച്ചിരിക്കുന്നുവെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കേണ്ട സാഹചര്യം ഡി-കമ്പനിക്ക് സൃഷ്ടിച്ചുവെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.
ഇതിനിടയിൽ പുതിയ ഭീകരപദ്ധതികൾക്കായി ആളുകളെ കണ്ടെത്താനുള്ള ശ്രമവും ഡി-കമ്പനി ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. റിക്രൂട്ട്മെന്റ് ചുമതല ഷക്കീൽ ഗ്യാങ്ങിന് നൽകിയതായും, പരിശീലനവും ആയുധസഹായവും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെയാണെന്നും വിവരമുണ്ട്. ഒരു ഭീകരപ്രവർത്തനത്തിന്റെ നടത്തിപ്പിനായി ഷാർപ് ഷൂട്ടറായ മുന്ന സിങ്കാഡയെ നിയോഗിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിക്രൂട്ട് ചെയ്ത യുവാക്കൾക്ക് യഥാർഥ ലക്ഷ്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങൾ പറയുന്നു. മുംബൈയിലെ തെരുവുകളിൽനിന്ന് തിരഞ്ഞെടുത്ത ഇവരെ ബാന്ദ്രയിലെ ഗരീബ് നഗറിലുള്ള അനധികൃത മസ്ജിദിനെതിരായ ബുൾഡോസർ നടപടിയുടെ പേരിൽ പ്രകോപിപ്പിച്ചാണ് സംഘത്തിലേക്ക് ആകർഷിച്ചതെന്നാണ് കണ്ടെത്തൽ.
അതേസമയം, ഡൽഹി പൊലീസ് അടുത്തിടെ ഒരു ഭീകരാക്രമണ ഗൂഢാലോചന തകർത്തിരുന്നു. അന്വേഷണത്തിൽ ഐഎസ്ഐയും മുംബൈ അധോലോക സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകളും ലഭിച്ചു. കവർച്ചയും ഭീഷണിപ്പെടുത്തലും ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങളിൽ ഡി-കമ്പനിയുടെ സ്വാധീനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, സംഘടനയുടെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കാം ഈ നീക്കങ്ങളെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.
ഐഎസ്ഐയുടെ പിന്തുണയോടെ ഇന്ത്യയിൽ വലിയ ആക്രമണമോ പ്രമുഖ വ്യക്തിയെ ലക്ഷ്യമിട്ടുള്ള നീക്കമോ ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.










